തിരുവനന്തപുരം : ജലം സംരക്ഷിക്കുന്നതിനായി കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച ക്യാച്ച് ദി റെയിൻ പദ്ധതിയിൽ ഏവരും പങ്കാളികളാകണമെന്ന ആഹ്വാനവുമായി മോഹൻലാൽ. ഫേസ്ബുക്കിലൂടെയാണ് പദ്ധതിയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ആളുകൾ അണിചേരണമെന്നും ആഹ്വാനം ചെയ്ത് അദ്ദേഹം രംഗത്ത് വന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള വീഡിയോ സന്ദേശമാണ് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചത്.
1 മിനിറ്റും 6 സെക്കന്റും ദൈർഘ്യമുള്ള വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്. ജലം ജീവനാണ്. അതുകൊണ്ട് തന്നെ ഓരോ തുള്ളിയും അമൂല്യമാണ്. ഇന്ന് ജീവിക്കാനും നാളെയേജീവിപ്പിക്കാനും വെള്ളം കൂടിയേ തീരൂ. ആഗോളതാപനത്തിന്റെ വെല്ലുവിളികൾക്കിടയിൽ കൃഷിക്കും കുടിവെള്ളത്തിനുമെല്ലാം പ്രാണജല സംരക്ഷണത്തിനായി കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച പ്രതീക്ഷ നൽകുന്ന പ്രചാരണ പരിപാടിയാണ് ക്യാച്ച് ദി റെയിൻ- വെയർ ഇറ്റ് ഫാൾസ്, വെൻ ഇറ്റ് ഫാൾസെന്ന് വീഡിയോ സന്ദേശത്തിൽ പറയുന്നു.
പാഴായി പോകുന്ന മഴവെള്ളം സംഭരിക്കാൻ വ്യക്തികളെ മുതൽ സ്ഥാപനങ്ങളെ വരെ പ്രബോധിപ്പിക്കുന്ന ദേശീയ ജല കമ്മീഷന്റെ ദീർഘവീക്ഷണമുള്ള പരിപാടിക്ക് ഇതിനോടകം നല്ല ശ്രദ്ധയും സ്വീകാര്യതയും കിട്ടിയിട്ടുണ്ട് . ഭാവിയുടെ ഇന്ത്യയെ ജല സമ്പന്നമാക്കാൻ നമുക്ക് ഓരോരുത്തർക്കും ഈ പരിപാടി നമ്മുടേതായ രീതിയിൽ നടപ്പാക്കി ഇതിൽ അണിചേരാം. മറ്റുള്ളവരെയും അണിചേർക്കാമെന്നും സന്ദേശത്തിൽ വ്യക്തമാക്കുന്നു.