രാജ്യത്ത് സാമ്പത്തിക തട്ടിപ്പ് നടത്തി വിദേശ രാജ്യത്തേയ്ക്ക് മുങ്ങിയ നീരവ് മോദി ഉൾപ്പെടെയുള്ളവരെയാകും യുകെയിൽ നിന്നും നാട് കടത്തുക. വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ജിയാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ വ്യവസായികളെ രാജ്യത്ത് നിന്നും പുറത്താക്കുമെന്ന് യുകെ നേരത്തെ ഉറപ്പ് നൽകിയിരുന്നു. മെയ് മാസത്തിൽ നടന്ന ഇന്ത്യ-യുകെ ഉച്ചകോടിയിലാണ് ഇത് സംബന്ധിച്ച് തീരുമാനം സ്വീകരിച്ചത്. ഇതിന് ചില നിയമനടപടികൾ ഉണ്ടെന്നും അത് പൂർത്തീകരിച്ചതിന് ശേഷം കുറ്റവാളികളെ ഉടൻ കൈമാറാമെന്നും യുകെ അറിയിച്ചിരുന്നു.
ഇതിന്റെ ഭാഗമായി രത്‌ന വ്യാപാരി നീരവ് മോദിയെ നാട് കടത്താൻ യുകെ ആഭ്യന്തര സെക്രട്ടറി ഉത്തരവിട്ടു. എന്നാൽ ഈ ഉത്തരവിനെതിരെ നീരവ് മോദി ഹർജി നൽകിയിരിക്കുകയാണ്. സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട മെഹുൽ ചോക്‌സിയേയും തിരികെ കൊണ്ടുവരാനുള്ള നീക്കങ്ങൾ പുരോഗമിക്കുകയാണെന്നും അരിന്ദം ബാഗ്ജി വ്യക്തമാക്കി. ഇന്ത്യയിൽ നിന്നും നാട് വിട്ട നീരവ് മോദി യുകെയിൽ പോലീസ് കസ്റ്റഡിയിലാണ്. അതേസമയം മെഹുൽ ചോക്‌സിയെ ഡൊമിനിക്ക അനധികൃത കുടിയേറ്റക്കാരനായി പ്രഖ്യാപിച്ചതായാണ് റിപ്പോർട്ട്.