ലക്ഷദ്വീപ് ഭരണകൂടത്തിനെതിരേ നടക്കുന്ന പ്രതിഷേധം രാജ്യവിരുദ്ധരെ കൂട്ടുപിടിച്ചുള്ള കേരളത്തിന്റെ സൃഷ്ടി , പ്രഫുല്‍ ഖോഡ പട്ടേല്‍ : കലാപം ഉണ്ടാക്കണമെന്ന് ആരുടേയോ ലക്ഷ്യം

കവരത്തി: ലക്ഷദ്വീപ് ഭരണകൂടത്തിനെതിരേ നടക്കുന്ന പ്രതിഷേധത്തില്‍ പ്രതികരണവുമായി അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍. കേന്ദ്ര ഭരണപ്രദേശം എന്ന നിലയില്‍ ലക്ഷദ്വീപ് സ്വതന്ത്രമാണെന്നും ദ്വീപ് ഭരണകൂടത്തിനെതിരേ നടക്കുന്ന പ്രതിഷേധം കേരളത്തിന്റെ സൃഷ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ബില്ലിനെക്കുറിച്ച് ദ്വീപ് ജനതയ്ക്ക് നന്നായിട്ട് അറിയാമെന്നും എതിര്‍പ്പോ വിമര്‍ശനങ്ങളോ ഉണ്ടെങ്കില്‍ അറിയിക്കാന്‍ സമയം നല്‍കിയപ്പോള്‍ അതിനെതിരെ ആരും പ്രതിഷേധത്തിനോ പ്രതികരണത്തിനോ വരാതിരുന്നത് ബില്ലിനെക്കുറിച്ച് അറിവുള്ളത് കൊണ്ടാണെന്നും പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.

ദ്വീപിലെ ജനങ്ങളോടും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളോടും ചര്‍ച്ച ചെയ്ത ശേഷമല്ലേ ലക്ഷദ്വീപിലെ ഭൂമിയുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ മാറ്റം വരുത്തേണ്ടതും വികസന അതോറിറ്റിയെ സ്ഥാപിക്കേണ്ടതും എന്ന ചോദ്യത്തിനായിരുന്നു പ്രഫുല്‍ പട്ടേലിന്റെ മറുപടി. ‘ ഈ പുതിയ നിര്‍ദേശങ്ങള്‍ക്ക് എതിരേ വിമര്‍ശനങ്ങള്‍ തുടങ്ങിയത് കേരളത്തില്‍ നിന്നാണ് എന്നാണ് താന്‍ മനസ്സിലാക്കുന്നത്. നിയമപ്രകാരം പൊതുജന സമക്ഷം ഈ ബില്ലുകള്‍ വെച്ചിരുന്നു. നിരവധി എതിര്‍പ്പുകളും വന്നിരുന്നു. ആ എതിര്‍പ്പുകളെല്ലാം പഠിച്ച ശേഷമാണ് ബില്ല് കേന്ദ്രത്തിന് അയച്ചതെന്നും ‘ അദ്ദേഹം പറഞ്ഞു.

ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ ഭരണപരിഷ്‌ക്കാരത്തിനെതിരേ വലിയ പ്രതിഷേധമാണ് നടക്കുന്നത്. ഭരണകൂടം കൊണ്ടുവരുന്ന വികസന അതോറിറ്റി ദ്വീപിലെ ഭൂമിയുമായി ബന്ധപ്പെട്ട നിയമങ്ങളെ മാറ്റിമറിക്കുമെന്നും ബിജെപി അനുകൂലികളായ കോര്‍പ്പറേറ്റുകള്‍ ദ്വീപില്‍ സ്വതന്ത്രമായി ഇടം നല്‍കുന്നതിന് വേണ്ടിയാണ് നിര്‍ദേശം എന്നും പ്രതിഷേധക്കാര്‍ പറയുന്നു.