ആർട്ടിക്കിൾ 370, രാമക്ഷേത്ര നിർമ്മാണം, കൊറോണ പ്രതിരോധം: മോദി സർക്കാരിന്റെ നേട്ടങ്ങളെ പ്രശംസിച്ച് ജെപി നദ്ദ Jp Nadda

ന്യൂഡൽഹി : നരേന്ദ്ര മോദി സർക്കാരിന്റെ ഭരണത്തെ പ്രശംസിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. മോദി സർക്കാർ രാജ്യത്ത് കൊണ്ടുവന്ന വികസന ക്ഷേമ പദ്ധതികളും നടപ്പിലാക്കിയ നിയമങ്ങളും എടുത്തുപറഞ്ഞാണ് അദ്ദേഹം സർക്കാരിന് പ്രശംസയറിയിച്ചത്. ബിജെപി സർക്കാർ അധികാരത്തിലേറി ഏഴ് വർഷം പൂർത്തിയാക്കിയതുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


ആർട്ടിക്കിൾ 370 റദ്ദാക്കൽ, അയോദ്ധ്യയിൽ ശ്രീ രാമക്ഷേത്ര നിർമ്മാണം, പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കൽ എന്നിവയാണ് മോദി സർക്കാരിന്റെ വിജയമെന്ന് അദ്ദേഹം പറഞ്ഞു. കൊറോണ പ്രതിരോധ രംഗത്തും കേന്ദ്ര സർക്കാർ മുൻപന്തിയിൽ നിന്നു. ബിജെപി ഭരണ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മന്ത്രിസഭാംഗങ്ങളും പരിപാടിയിൽ പങ്കെടുത്തിരുന്നു.

ആർട്ടിക്കിൾ 370 എന്നത് ജമ്മു കശ്മീരിന്റെ വികസനത്തിന് തടസ്സമായിരുന്നു. ജനങ്ങളുടെ പ്രചോദനമായിരുന്ന രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ഡോ. ശ്യാമ പ്രസാദ് മുഖർജിയും ഇത് തന്നെയാണ് ആവശ്യപ്പെട്ടിരുന്നത്. ആർട്ടിക്കിൾ 370 റദ്ദാക്കിയില്ലെങ്കിൽ സമുദായത്തിൽ ഭിന്നത വരുമെന്ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റുവിന് അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ നെഹ്‌റു ഇത് വകവെച്ചില്ലെന്ന് നദ്ദ വ്യക്തമാക്കി. ഭാരതീയ ജനസംഘത്തിന്റെ കാലം മുതൽ ഇതിന് വേണ്ടിയാണ് നാം പ്രയത്‌നിച്ചത്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിലൂടെ കേന്ദ്ര സർക്കാരിന് ജമ്മു കശ്മീരിൽ വികസനം കൊണ്ടുവരാനും സാധിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അയോദ്ധ്യയിൽ രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് വർഷങ്ങളായി നടന്നിരുന്ന തർക്കങ്ങളെ സമാധാനപരമായി നേരിടാൻ മോദി സർക്കാരിന് സാധിച്ചു. അതിർത്തി റോഡുകളുടെ വികസനത്തിലൂടെ വിദൂര പ്രദേശങ്ങളിലേയ്ക്കുള്ള യാത്രകൾ സൗകര്യപ്രദമായി മാറി. പ്രതിരോധ പ്രവർത്തനങ്ങൾക്കും ഇത് സഹായകമായെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തിന് വേണ്ടി ജീവൻ വെടിഞ്ഞ വീര യോദ്ധാക്കൾക്കും പോലീസ് ഉദ്യോഗസ്ഥർക്കും വേണ്ടി കേന്ദ്ര സർക്കാർ സ്മാരകങ്ങൾ ഒരുക്കി. പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കിയതിലൂടെ നുഴഞ്ഞുകയറ്റത്തിനും ഭീകരപ്രവർത്തനങ്ങൾക്കും തടയിടുകയാണ് മോദി സർക്കാർ ചെയ്തതെന്നും നദ്ദ വ്യക്തമാക്കി.
Tags