ഭക്തർക്ക് ഉടൻ രാംലല്ല ദർശിക്കാം; രാമ ക്ഷേത്ര നിർമ്മാണത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് തീർത്ഥ ട്രസ്റ്റ്
August 05, 2021
ലക്‌നൗ: രാമക്ഷേത്ര നിർമ്മാണം അന്തിമഘട്ടത്തിലെന്ന് രാമജന്മഭൂമി തീർത്ഥ് ക്ഷേത്ര ട്രസ്റ്റ്. നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണ്. അടിസ്ഥാന ഘടന പൂർത്തിയായികഴിഞ്ഞാൽ ഉടൻ തന്നെ ഭക്തർക്ക് ക്ഷേത്ര ദർശനം സാദ്ധ്യമാക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. നിർമ്മാണ പ്രവർത്തനങ്ങളുടെ ചിത്രങ്ങളും ക്ഷേത്ര ട്രസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ താഴത്തെ നിലയുടെ നിർമ്മാണമാണ് പുരോഗമിക്കുന്നത്.
താഴത്തെ നിലയിലെ അഞ്ചുമണ്ഡപങ്ങളുടെയും ശ്രീകോവിലിന്റെയും നിർമാണം 2023 അവസാനത്തോടെ പൂർത്തിയാകും. ഒന്നാംനിലയുടെ ശിലാസ്ഥാപനവും പൂർത്തിയാകും. തുടർന്ന് പുതിയ ക്ഷേത്രത്തിലെ ശ്രീകോവിലിൽ രാം ലല്ലയുടെ വിഗ്രഹം പ്രതിഷ്ഠിക്കും. ഇപ്പോൾ താൽക്കാലിക ശ്രീകോവിലിലാണ് വിഗ്രഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്.
ക്ഷേത്ര നിർമ്മാണത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി ഭൂമി പൂജ നടത്തിയതിന്റെ ഒന്നാം വാർഷികമാണ് ഇന്ന്. രണ്ടര ഏക്കർ പ്രദേശത്തായാണ് ക്ഷേത്രത്തിന്റെ നിർമ്മാണം നടക്കുന്നത്. മൂന്ന് വർഷത്തിനുള്ളിൽ പണി പൂർത്തിയാക്കുവാൻ സാധിക്കുമെന്നാണ് വിലയിരുത്തുന്നത് എന്ന് ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായി പറഞ്ഞിരുന്നു.
ആയിരം കോടി രൂപ ചെലവിലാണ് ക്ഷേത്രം നിർമ്മിക്കുന്നത്. അതേസമയം ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന് ഇതിനോടകം 3,000 കോടിയിലധികം സംഭാവനകൾ ലഭിച്ചിട്ടുണ്ട്. ക്ഷേത്ര നിർമ്മാണത്തിനായി രാജസ്ഥാൻ കല്ലുകളും മാർബിളുകളുമാണ് ഉപയോഗിക്കുന്നത്. നാല് ലക്ഷം ക്യൂബിക് അടി കല്ലാണ് ഇതിനായി ഉപയോഗിക്കുന്നത്. 2025ഓടെ ക്ഷേത്ര നിർമ്മാണം പൂർണമായും പൂർത്തിയാകുമെന്നാണ് വിലയിരുത്തൽ
Tags
